കോട്ടയം : വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എം.എൽ.എ സി.കെ.ആശയുടെ പേര് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പിആർഡി വകുപ്പിനെതിരെ സി.പി.ഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിലാണ് സി.പി.എം ജില്ലാ നേതൃത്വം.
”തീണ്ടാപ്പാടകലെ ദളിതരെയും സ്ത്രീകളെയും അകറ്റി നിർത്തുക എന്നതാണോ നയം. സി കെ ആശ ദളിത് സ്ത്രീ ആയതാണോ അയോഗ്യത”. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹസതാബ്ദി ആഘോഷ പരിപാടികൾക്ക് തിരി തെളിഞ്ഞതിന് പിന്നാലെ നവമാധ്യമങ്ങളിലെ സി.പി.ഐ പ്രവർത്തകരുടെ പ്രൊഫൈലുകളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളാണ് ഇവ. എംഎൽഎക്ക് ശതാബ്ദി ആഘോഷ പരിപാടികളിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്ന വികാരമാണ് സി.പി.ഐ പ്രവർത്തകരിൽ നിന്ന് ഉയരുന്നത്. പരിപാടിയിലെ എംഎൽഎയുടെ പങ്കാളിത്തത്തെക്കുറിച്ച് പരാതി ഇല്ലെന്ന് പറയുമ്പോഴും ഇന്നലെ രാജ്യവ്യാപകമായി നൽകിയ പത്രപരസ്യത്തിൽ നിന്ന് എം.എൽ.എയുടെ പേര് പോലും ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് സി പി ഐ നേതൃത്വം. തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിട്ടുണ്ടെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബിനു പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പല്ലേ പിആർഡി എന്ന ചോദ്യത്തിന് ആരുടെ വകുപ്പായാലും തെറ്റ് കണ്ടാൽ തിരുത്തണം എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. ഉദ്യോഗസ്ഥതല വീഴ്ച മാത്രമായി ഇതിനെ കാണുന്നില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞുവച്ചു.