ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി



 ന്യൂഡൽഹി : ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് ലഭിച്ചതായി വ്യോമയാന മന്ത്രാലയം. ഇനി പരിസ്ഥിതി അനുമതി കൂടി ലഭ്യമായാൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നടപടികളിലേക്ക് കടക്കാം.

സൈറ്റ് ക്ലിയറൻസ്
ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞത്.

24, 25 തീയതികളിൽ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഈ വിഷയവും പരാമർശിക്കാൻ ഇടയുണ്ട്.

ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്.

ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണെന്നതിനാൽ പദ്ധതിയുടെ പ്രാധാന്യം ഏറും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ് വിമാനത്താവളം ഏറ്റവും അധികം ഗുണം ചെയ്യുക.


Previous Post Next Post