റിപ്പോർട്ട് : സാജൻ ജോർജ്ജ് കുവൈറ്റ്
കുവൈത്ത് സിറ്റി: കാറിൽ നിന്ന് ലഭിച്ച പണം തിരികെ നൽകി മാതൃകയായി പ്രവാസി മലയാളി ഡ്രൈവർ ചങ്ങനാശ്ശേരി സ്വദേശിയായ ശരത്താണ് ഈ ഉത്തമ മാതൃക കാട്ടിത്തന്നത്. മെഹബൂലയിലെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ശരത്. കഴിഞ്ഞ ദിവസം പതിവ് യാത്രയിലായിരുന്ന ശരത്തിന്റെ വണ്ടിയിലേക്ക് ഇടക്ക് ഒരു ഈജിപ്ഷ്യൻ സ്വദേശി കയറുകയായിരുന്നു. സാൽമിയയിൽ അദ്ദേഹം ഇറങ്ങുകയും ചെയ്തു. പിന്നീട് തിരിച്ച് വീട്ടിലെത്തിയ ശരത് ഭാര്യയുമായി ഷോപ്പിങ്ങിനായുള്ള യാത്രയിലായിരുന്നപ്പോളാണ് കാറിൽ ഒരു പഴ്സ് കിടക്കുന്നത് ഭാര്യ നീതു കണ്ടത്. 400 ദീനാറോളം പണവും ഇൻഷുറൻസ് കാർഡും മറ്റു രേഖകളുമാണ് പഴ്സിൽ ഉണ്ടായിരുന്നത്. തൊട്ടുമുൻപ് തന്റെ കാറിൽ കയറിയ ഈജിപ്ത് സ്വദേശിയുടെ പഴ്സാണിതെന്ന് മനസ്സിലാക്കിയ ശരത് എങ്ങനെയെങ്കിലും ഇത് തിരികെ നൽകാനുള്ള ശ്രമത്തിലായി പിന്നീട്. പക്ഷേ, ആളെ കണ്ടെത്താൻ
മാർഗങ്ങളൊന്നുമില്ലാതെ ശരത് കുഴങ്ങി. ഈ സമയം നഷ്ടപ്പെട്ട പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഇബ്രാഹീം മുഹമ്മദ് അസബ് എന്ന ഈജിപ്ത് സ്വദേശി. കാർയാത്രക്കിടെ പണം നഷടപ്പെട്ട വിവരം പലർക്കും അദ്ദേഹം കൈമാറി. കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) വാട്സ്ആപ് ഗ്രൂപ്പിലും ഇത് എത്തി. ഇത് കണ്ട ശരത് കെ.ബി.ടി പ്രസിഡന്റ് ഇഖ്ബാലിനെ വിവരം അറിയിച്ചു. തുടർന്ന് ഇബ്രാഹീം മുഹമ്മദ് അസബിന്റെ ഫോൺ നമ്പർ ശരത്തിന് കിട്ടി. ഇതോടെ ശരത്ത് അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് മെഹബൂല ബ്ലോക്ക്-3യിൽ എത്തി പണവും വസ്തുക്കളും നേരിട്ട് തിരിച്ചേൽപിച്ചു. 13 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്നയാളാണ് ശരത്.. ഭാര്യ നീതു കുവൈത്തിൽ നഴ്സാണ്. മകൻ ധ്യാനും ഇവർക്കൊപ്പം കുവൈത്തിലുണ്ട്.