തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെയും യദുവിനെയും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തൊമ്മന്‍കുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ കാട്ടില്‍ ഇരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞത്. യദുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി കാട്ടിനുള്ളിലാണെന്ന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തേക്ക് പ്ലാന്റേഷനില്‍ അവശനിലയില്‍ പൊലീസ് കണ്ടെത്തി.
കുട്ടി പീഡനത്തിന് വിധേയയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യദുകൃഷ്ണനെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.