ഇനിയും 25 പേര്‍ മരിച്ചാലേ വീണ്ടും പരിശോധന നടത്തൂ'; വിമര്‍ശനവുമായി എംവി ഗോവിന്ദൻ





 കണ്ണൂര്‍: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ചയില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 

ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് ബോട്ടുകളില്‍ പരിശോധന നടത്തുന്നത്. അല്ലാത്തപ്പോള്‍ പരിശോധ നടക്കാറില്ല. ഇനിയും 25 പേര്‍ മരിച്ചാലേ വീണ്ടും പരിശോധന നടത്തൂവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് കല്യാശേരി നിയോജകമണ്ഡലം റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



'ഇവിടെ ഇപ്പോഴാണെങ്കില്‍ ഒരുപാട് ബോട്ടുണ്ട്. എല്ലാത്തിനും ലൈസന്‍സുണ്ടോയെന്നൊന്നും പറയാനാവില്ല. കാരണം ഇങ്ങനെയുള്ള സംഭവങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നോക്കാന്‍ പുറപ്പെടുക. ഇല്ലെങ്കില്‍ നോക്കൂല. ഇനി ഇപ്പം ഒരു പത്തിരുപത്തിയഞ്ച് ആള്‍ മരിക്കുന്ന ഒരു സംഭവം വരുമ്പോള്‍ ആദ്യം വീണ്ടും നോക്കാന്‍ തുടങ്ങും. അതുവരെ ഒരുനോട്ടവും ഉണ്ടാകില്ല'- എംവി ഗോവിന്ദന്‍ പറഞ്ഞു. 



അതേസമയം, താനൂരിലെ ബോട്ടപകടത്തില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപെടാന്‍ സഹായിച്ചവരാണ് അറസ്റ്റിലായത്. നേരത്തെബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോട്ടിലെ സ്രാങ്ക്, സഹായി എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും എസ്പി വ്യക്തമാക്കി.



ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു.അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ പോര്‍ട്ട് പരിധിയില്‍ വരുന്ന ബോട്ട് സര്‍വീസ് നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം സര്‍വീസ് നടത്താന്‍ അനുമദി നല്‍കും.



Previous Post Next Post