ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥ ഏജൻസിയുടെ കണക്കനുസരിച്ച് 12 കിലോമീറ്റർ താഴ്ചയിൽ (7 മൈൽ) ആണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി 6.5 തീവ്രതയിലെത്തി. തീര ദേശത്ത് ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. പ്രദേശത്ത് പ്രവർത്തിക്കുന്ന രണ്ട് ആണവനിലയങ്ങളും സുരക്ഷിതമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.