ജനീവ : കോവിഡിനെ തടയാൻ ഇനിയും ആഗോള അടിയന്തരാവസ്ഥ തുടരേണ്ടതില്ലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ലോകത്താകെ 70 ലക്ഷത്തോളം പേർ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് വ്യാപനം പൂർണമായി അവസാനിച്ചിട്ടില്ലെങ്കിലും രോഗ തീവ്രതയെ പഴയപോലെ ഭയക്കേണ്ടതില്ലെന്നാണു ഡബ്ല്യുഎച്ച്ഒയുടെ നിഗമനം.
കോവിഡിന്റെ ഭീഷണിയിൽനിന്ന് ലോകം പൂർണമായും മുക്തമായെന്ന് പറയാറായിട്ടില്ലെന്നു ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം പറഞ്ഞു. 2020 ജനുവരി 30ന് ആണ് കോവിഡിനു കാരണമായ കൊറോണ വൈറസ് ആഗോള പ്രതിസന്ധിയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ജനങ്ങള്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടില്ലാത്ത ഒരു പുതിയ രോഗം പ്രതീക്ഷകള്‍ക്കും അപ്പുറം ലോകമാകെ പരക്കുമ്പോഴാണ് അതൊരു മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
ഒരു സഞ്ചാരിക്ക് വിദേശ രാജ്യത്തു വച്ച് രോഗം വരികയും അയാള്‍ സ്വന്തം രാജ്യത്തേക്കു മടങ്ങിയെത്തുമ്പോൾ അയാളില്‍നിന്ന് മറ്റൊരാള്‍ക്ക് രോഗം വരികയും (ഇന്‍ഡെക്‌സ് കേസ്) ചെയ്താല്‍ മാത്രം മഹാമാരിയായി കരുതില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എന്ന മട്ടില്‍ സമൂഹത്തില്‍ മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന രണ്ടാം തരംഗ ഇന്‍ഫെക്‌ഷന്‍ ഉണ്ടാകുമ്പോഴാണ് മഹാമാരിയായി കണക്കാക്കുക.