പതിനാറുകാരന് ക്രൂരമര്‍ദ്ദനം; കൈ തല്ലിയൊടിച്ചു; കത്രിക കൊണ്ട് കുത്തി; അമ്മയും സുഹൃത്തും അമ്മൂമ്മയും അറസ്റ്റിൽ


 

 കൊച്ചി : കൊച്ചിയില്‍ പതിനാറുകാരന് ക്രൂരമര്‍ദ്ദനം. അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കമ്പിവടി കൊണ്ട് കൈ തല്ലിയൊടിച്ചു. കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കുട്ടിയെ മര്‍ദ്ദിച്ച വിവരം പുറത്തു വന്നതിന് പിന്നാലെ പ്രതികള്‍ മൂന്നുപേരും നെടുമ്പാശ്ശേരിക്ക് സമീപം ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തോളിലും ശരീരമാസകലവും മര്‍ദ്ദനമേറ്റ ക്ഷതങ്ങളുണ്ട്. 

രാജേശ്വരിക്ക് മൂന്നുമക്കളാണുള്ളത്. ഇതിൽ മുതിര്‍ന്നയാളാണ് മര്‍ദ്ദനമേറ്റ പതിനാറുകാരന്‍. കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകുന്നത് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post