കോഴിക്കോട് : ‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജില്‍ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍.
ചക്കിന്‍കടവ് സ്വദേശി ഫസലുദീന്‍ എം പി, മകന്‍ ഫാസില്‍, ഫസലുദീന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് ഷിഹാന്‍, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അന്‍ഷിദ്, കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. മോഷണ മുതല്‍ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍. ഡിസിപി കെ ഇ ബൈജുവിന്റെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് എസ്എച്ച്ഒ എം എല്‍ ബെന്നി ലാലുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലാപ്പറമ്പിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈല്‍ ഫോണുകള്‍ അടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരില്‍ നിന്ന് കണ്ടെടുത്തു.