കോട്ടയം: താലൂക്ക് അദാലത്തുകൾ കൊണ്ട് ആൾക്കൂട്ടമല്ല, നിയമപരമായ സാധ്യതകൾക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം സാധ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റോഡും പാലവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല സാധാരണ ജനജീവിതത്തിന് എന്തു പുരോഗതി സാധ്യമാക്കാൻ കഴിയും എന്നാണ് സർക്കാർ ആത്യന്തികമായി ലക്ഷ്യമിടുന്നതെന്നും മന്ത്രി വി.എൻ. പറഞ്ഞു. ജില്ലയിൽ നാലു താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ ആയിരത്തിലേറെ പരാതികളിൽ പരിഹാരം കണ്ടുവെന്നും ശേഷിക്കുന്ന പരാതികളിൽ പത്തു ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർവ തല സ്പർശിയായ മാറ്റങ്ങൾക്കു നേതൃത്വം നൽകുമ്പോഴും ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സർക്കാരിനു കഴിയുന്നുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.