ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് തകര്‍ത്തു


 ഇടുക്കി : ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം.

 സിങ്കുകണ്ടത്ത് അന്തോണി രാജ് എന്നയാളുടെ ഷെഡ് ആന തകര്‍ത്തു. ആളപായമില്ല. അരിക്കൊമ്പനെ കാടു കടത്തിയശേഷവും പ്രദേശത്ത് കാട്ടാന ആക്രമണം തുടരുകയാണ്. 

ഏതാനും ദിവസമായി അന്തോണി രാജും കുടുംബവും തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വിജനമായ പ്രദേശത്താണ് ഷെഡ് നിന്നിരുന്നത്. അതുകൊണ്ടുതന്നെ ആനക്കൂട്ടമാണോ, ഒറ്റയാനാണോ ആക്രമിച്ചതെന്നതില്‍ സ്ഥിരീകരണമില്ല. 

അതേസമയം ചക്കക്കൊമ്പനല്ല ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സൂചിപ്പിച്ചു. ഇവിടെ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് ഇന്നലെ രാത്രി ചക്കക്കൊമ്പന്‍ ഉണ്ടായിരുന്നത്. 

ഇന്നു രാവിലെയും ചക്കക്കൊമ്പന്‍ അവിടെ ഉള്ളതായി വിവരം ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Previous Post Next Post