തൃശൂർ: തേക്കിൻകാട് മൈതാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ മൈതാനം ഉപയോഗിക്കാൻ ഇനി മുതൽ കോടതിയുടെ അനുമതി വേണം. ദേവസ്വം ബോർഡിന് കിട്ടുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തൃശൂർ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ 11നാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പൂർണരൂപം ഇപ്പോഴാണ് പുറത്തു വന്നത്.
പൊതുപരിപാടികൾ തേക്കിൻകാട് മൈതാനത്ത് നടത്തരുത്. മൈതാനത്തിനകത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങളും മറ്റും പാടില്ല. മൈതാനം പൂർണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം. പരസ്യ ബോർഡുകളും പാടില്ല.
നടപ്പാതകൾ കൈയേറുന്നതടക്കമുള്ള കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വഴിയാത്രക്കാരെ തടസപ്പെടുത്തരുത്. നടപ്പാതകൾ കൈയേറി രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾ സംഘടിപ്പിക്കരുത്. പാതകൾ കൈയേറിയുള്ള കച്ചവടവും അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിച്ച് നടപ്പാതകൾ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.