ചങ്ങനാശേരി : കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തെങ്ങണ ചെന്തലക്കുന്നേൽ ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകൻ ലിബിൻ തോമസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ചങ്ങനാശേരി വാഴൂർ റോഡിൽ കണ്ണവട്ട പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
ചങ്ങനാശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തെങ്ങണ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലിബിൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി 50 മീറ്ററോളം നിരങ്ങി നീങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ലിബിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലിബിൻ പാലായിൽ പോളിടെക്‌നിക് വിദ്യാർത്ഥിയാണ്. മാതാവ്: ലിൻസി (ചങ്ങനാശേരി എസ്.ബി.ഐ ശാഖ ജീവനക്കാരി). സഹോദരൻ: ജിബിൻ. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.