2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കേണ്ടതില്ലെന്നും ആളുകള്‍ പരിഭ്രാന്തരാകണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വ്യാഴാഴ്ച നടന്ന ആർബിഐയുടെ ദ്വിമാസ ധനനയ യോഗത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
“ദയവായി 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള തിരക്ക് ഒഴിവാക്കുക. കറൻസിയിൽ കുറവൊന്നുമില്ല, കൈമാറ്റത്തിന് ധാരാളം നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്, തിരക്കില്ല, പക്ഷേ സെപ്തംബറിലെ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത് ” ശക്തികാന്ത ദാസ് പറഞ്ഞു. കൂടാതെ, ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ശക്തികാന്ത ദാസ്, 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനോ 1,000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനോക്കുറിച്ചോ ആർബിഐ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞു.
പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളില്‍ 2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി അദ്ദേഹം അറിയിച്ചു.2023 മാർച്ച് 31 വരെ ആകെയുള്ള 3.62 ലക്ഷം കോടി നോട്ടുകളിൽ 1.80 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളുടെ 50 ശതമാനവും ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 85 ശതമാനം നോട്ടുകളും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപമായിട്ടാണ് തിരിച്ചെത്തിയത്.