ക്രൈംബ്രാഞ്ച് അന്വേഷണവും മോഹനനെ സിസിടിവിയിൽ അവസാനമായി കണ്ട കരകുളം, ഏണിക്കര ഭാഗത്തെ കേന്ദ്രീകരിച്ച് ആണ്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും തുമ്പ് ഒന്നും ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. മോഹനന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. രണ്ടാഴ്ച മുൻപ് കരകുളത്തെ ഒരു വീട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
മോഹനന്റെ ഭാര്യ സഹോദരൻ പറണ്ടോട്ട് നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ എത്തുന്ന സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വയ്ക്കുന്നതും പഴയ പണയം തിരികെ എടുത്ത് കൊണ്ടുവരുന്നതും മോഹനൻ ആയിരുന്നു. പതിവ് പോലെ 2020 മേയ് 8ന് പോയി തിരികെ മടങ്ങുന്നതിനിടെ ആണ് പേരൂർക്കട–നെടുമങ്ങാട് റോഡിൽ വച്ച് സ്കൂട്ടറുമായി അപ്രത്യക്ഷമാകുന്നത്. ഇതിനിടെ മോഹനനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ബന്ധുക്കൾ പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ആര്യനാട് പൊലീസിൽ നിന്ന് അന്വേഷണം 2020 ജൂലൈയിൽ ആണ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്നും തുമ്പ് ഒന്നും ലഭിക്കാതെ ആയതോടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു.