തിരുവനന്തപുരം; മൃഗശാലയിലെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്ന ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിനു മുകളിലാണ് കുരങ്ങ് ഉള്ളത്. ഇന്നലെ വൈകിട്ടോടെയാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് പുറത്തേക്കു ചാടിയത്.
തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചത്. മൂന്നു വയസുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് ഇന്നു മാറ്റാനിരിക്കുകയായിരുന്നു. രാത്രിയോടെ സഞ്ചാരം മതിയാക്കി മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിനു മുകളിൽ കുരങ്ങൻ കയറി. രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ പുലർച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. മൃഗശാല അധികൃതർ നടത്തിയ തിരച്ചിലിലാണ് മൃഗശാല വളപ്പിനുള്ളിൽ കുരങ്ങിനെ കണ്ടെത്തിയത്