കാറുമായി അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ കടന്ന് കളയാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാരും പോലീസും ചേർന്ന് പിൻതുടർന്ന് പിടികൂടി



തൃശൂർ : കുന്നംകുളം മുനിസിപ്പൽ ഓഫീസിന്‌ സമീപത്തെ വൺ വേയിലായിരുന്നു നമ്പർ പ്ലേറ്റ്‌ ഇല്ലാത്ത കാർ വാഗൺ ആർ കാറിലും ഇരുചക്ര വാഹനത്തിലും ഇടിച്ചത്‌. അപകടത്തിന്‌ ശേഷം നിർത്താതെ പോയ കാറിനെ അതുവഴി വന്നിരുന്ന പോലീസ്‌ ഡോഗ്‌ സ്ക്വാഡിന്റെ വാഹനവും നാട്ടുകാരും പിന്തുടർന്ന് കക്കാട്‌ വച്ച്‌ വഴി തടഞ്ഞ്‌ പിടികൂടുകയായിരുന്നു.

വെള്ളറക്കാട്‌ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ട്‌ വിദ്യാർത്ഥികളായിരുന്നു കാറിൽ. നിയമം ലംഘിച്ച്‌ നിരവധി മാറ്റങ്ങൾ വരുത്തിയ കാർ പോലീസ്‌ പിടിച്ചെടുത്തു.
ലൈസൻസ്‌ ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപയും, പ്രായപൂർത്തിയാകാത്തവർക്ക്‌ വാഹനം നൽകുന്നവർക്കും, വാഹനം ഓടിച്ചവരുടെ രക്ഷാ കർത്താക്കൾക്കും 25000 രൂപയുമാണ്‌ പിഴ. 3 വർഷം വരെ തടവ്‌ ശിക്ഷയും ലഭിച്ചേക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കിയ കുന്നംകുളം പോലീസ്‌ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കുന്നംകുളം പോലീസ്‌  അറിയിച്ചു.
أحدث أقدم