പരപ്പനങ്ങാടി: മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രചോദനമായത് ഓണം ബംപറിന് അടിച്ച 1,000 രൂപ. നഗരത്തില്‍ ലോട്ടറി വില്‍ക്കുന്നയാളില്‍ നിന്നും നേരത്തെ മൂന്ന് തവണ ടിക്കറ്റ് എടുത്തിരുന്നു. ഇതില്‍ കഴിഞ്ഞ ഓണം ബംപറിന് 1,000 രൂപ ലഭിക്കുകയുണ്ടായി. പിന്നാലെയാണ് മണ്‍സൂണ്‍ ബംപര്‍ എടുത്തതെന്നും ഇവര്‍ പറയുന്നു.
മണ്‍സൂണ്‍ ബംപര്‍ എടുക്കാന്‍ ടിക്കറ്റ് വില്‍പ്പനക്കാരന്‍ നിര്‍ബന്ധിച്ചെങ്കിലും പൈസ ഇല്ലാത്തതിനാല്‍ ആദ്യം ടിക്കറ്റ് വേണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഓണം ബംപറിന് 1,000 കോടി അടിച്ചത് വില്‍പ്പനക്കാരന്‍ ഓര്‍മ്മിപ്പിച്ചതോടെ ടിക്കറ്റ് എടുക്കുകയായിരുന്നു. 9 പേര്‍ 25 രൂപ വീതവും രണ്ട് പേര്‍ പന്ത്രണ്ടര രൂപ വീതവും കൊടുത്താണ് ടിക്കറ്റ് എടുത്തത്.
പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ 11 വനിതകള്‍ക്കാണ് പത്ത് കോടി രൂപയുടെ മണ്‍സൂണ്‍ ബംപറടിച്ചത്. പരപ്പനങ്ങാടി സ്വദേശികളായ ശോഭ, പാര്‍വ്വതി, കാര്‍ത്ത്യായാനി, ലക്ഷ്മി, ബന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക എന്നിവര്‍ കൂട്ടായെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് കഴിഞ്ഞ മാസം 15ന് ആണ് എടുത്തത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എപ്പോള്‍ ലോട്ടറി എടുത്താലും അടിക്കാറില്ല, ഭാഗ്യമില്ലാത്തയാളാണ്. അടിക്കുമെന്ന് പ്രതീക്ഷിച്ചല്ല ലോട്ടറി എടുത്തതെന്നും ഹരിത കര്‍മ്മസേനാംഗം പ്രതികരിച്ചു.
എപ്പോഴും എല്ലാവരും ഒരുമിച്ച് ആണ് ടിക്കറ്റ് എടുക്കാറുളളത്. പരപ്പനങ്ങാടി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപറടിക്കുകയാണെങ്കില്‍ പടക്കം പൊട്ടിക്കണമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചുവെന്നും ബംപറടിച്ച ഹരിത കര്‍മ്മ സേനാംഗം പറഞ്ഞു. ലോട്ടറി അടിച്ചതുകൊണ്ട് ജോലി നിര്‍ത്തില്ല. എല്ലാവരും ജോലിക്ക് വരും. ആരോഗ്യമുളളിടത്തോളം കാലം ജോലിക്ക് വരുമെന്നും ഹരിത കര്‍മ്മസേനാംഗം കൂട്ടിച്ചേര്‍ത്തു