ബസ് സ്റ്റാൻഡിലെ സദാചാര ബോർഡ് വിവാദം. .. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ



മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെ എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിട വന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു മറുപടിയായി തൊട്ടടുത്ത് തന്നെ വിദ്യാര്‍ത്ഥി പക്ഷം എന്ന പേരിലും ഒരു ബോര്‍ഡ് ഉയര്‍ന്നു. ബോര്‍ഡുകള്‍ പൊലീസ് എടുത്ത് മാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം എടവണ്ണയില്‍ നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. സഹോദരനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘമാളുകള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സഹോദരന്‍ പ്രതികരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
أحدث أقدم