കണ്ണൂർ: റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്നാണ് നടപടി. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്.
ഇന്നലെ വൈദ്യുത ബിൽ അടക്കാത്തതിനെ തുടർന്ന് കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഇന്നലെ അവിടെയും ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു.
കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഇവിടെയും നടപടി. പിന്നാലെ അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ പ്രതികാര നടപടികൾ.