സാജൻ ജോർജ്ജ്
കുവൈത്ത് സിറ്റി: ഫോണിലേക്ക് സന്ദേശം അയച്ച് പണം തട്ടിയെടുക്കലിന് കുറവില്ല. കഴിഞ്ഞ ദിവസം മലയാളിക്ക് 102 ദീനാർ നഷ്ടപ്പെട്ടു. ഗതാഗതനിയമലംഘനത്തിന് പിഴ അടക്കണം എന്ന മെസേജ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വന്നിരുന്നു. ലിങ്ക് തുറന്നപ്പോൾ പൊലീസ് സൈറ്റിന് സമാനമായിരുന്നു. ഔദ്യോഗിക മന്ത്രാലയത്തിൽ നിന്നുതന്നെയാകും സന്ദേശം വന്നതെന്ന ധാരണയിൽ നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ സൈറ്റിൽ കയറി വിവരങ്ങൾ നൽകി. ഇതോടെ പണം നഷ്ടപ്പെടുകയായിരുന്നു.ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യുകയും പുതിയ കാർഡ് കൈപ്പറ്റുകയും ചെയ്തു. അക്കൗണ്ടിലേക്ക് ലിങ്കുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ പരിശോധനക്കുശേഷം മാത്രമാണ് ബാങ്കുകൾ റിലീസ് ചെയ്യുന്നത്. വേഗത്തിൽ പരാതി നൽകിയതിനാൽ തുക തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പണം നഷ്ടപ്പെട്ടയാൾ പറഞ്ഞു. വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് പേമെൻറ് ലിങ്കുകൾ ബാങ്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികൾ സ്വീകരിക്കണം. ആളുകളെ കബളിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തിൽ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു