നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു. അപകടത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.


പത്തനംതിട്ട: പറന്തലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു. അപകടത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട പറന്തൽ ജങ്ഷനില്‍ ഇന്ന് രാവിലെ പതിനൊന്നേകാലോടെ ആയിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിന് ഒരാൾ കൈകാണിക്കുകയും ഡ്രൈവർ നിർത്താൻ ശ്രമിച്ചപ്പോൾ അതിന് സാധിക്കാതെ വരികയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതിന് പിന്നാലെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്കു നേരേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ഓട്ടോകളിൽ ഡ്രൈവർമാർ ഉണ്ടായിരുന്നു. ആദ്യത്തെ ഓട്ടോയിൽ ബസ് ഇടിച്ചതിന് പിന്നാലെ മറ്റുള്ളവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. കൃഷ്ണകുമാർ, അശോകൻ, സജിമോൻ എന്നീ ഓട്ടോ ഡ്രൈവർമാർക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അഞ്ച് ഓട്ടോകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
أحدث أقدم