കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിൻ്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട കണ്ടെത്തിയത്. കഫേ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞിരുന്നത്.
കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് വിദ്യയുടെ കേസ് മാറ്റിയത്. കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.