ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാൻ മോഡൽ ആക്രമണം. രാത്രി സഞ്ചാരിയായ ഒരു അജ്ഞാതൻ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു


കണ്ണൂർ: ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാൻ മോഡൽ ആക്രമണം. രാത്രി സഞ്ചാരിയായ ഒരു അജ്ഞാതൻ കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. ആലക്കോട് തേർത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാൾ ഭീതി വിതയ്ക്കുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ പേടിക്കും തേർത്തല്ലി കോടോപളളിയിലുളളവർ. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാൾ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല.

അടിവസ്ത്രം മാത്രം ധരിച്ചൊരാൾ. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം. വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതൻ ഇനിയുമിറങ്ങിയാൽ പിടിക്കാൻ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.
Previous Post Next Post