വയസ്സുകാലത്ത് വീട്ടിലിരിക്കുന്നതാണ് നല്ലത്’; പി ജയരാജന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍


തലശ്ശേരി: സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി പ്രവര്‍ത്തിച്ചയാളാണ്. വയസ്സുകാലത്ത് പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു 
‘കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍. ഗുണ്ടാ മാഫിയ നേതാക്കളുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നവരല്ല യുവമോര്‍ച്ചക്കാര്‍. മോര്‍ച്ചറിയില്‍ നിങ്ങള്‍ ഒരുപാടുപേരെ അകത്താക്കി. ജയരാജന് ഈ ഡയലോഗ് കൊണ്ട് പിണറായി വിജയന്റെ ശ്രദ്ധ കിട്ടും എന്നതേയുള്ളൂ. കേരളം പഴയ കേരളമല്ല. ജയരാജന്റെ പാര്‍ട്ടിക്കകത്ത് പ്രത്യേക നിയമം ഇല്ല. അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്.’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നായിരുന്നു പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയത്. ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ രംഗത്തെത്തിയത്.

ഗണപതിയിലെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. 
أحدث أقدم