തിരുവനന്തപുരം: ഇത്തവണ ഓണക്കാലത്ത് തൊഴിലാളികൾക്ക് കൈത്താങ്ങായി തൊഴിൽ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ ആനുകൂല്യം. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ, പനമ്പ് മേഖലകളിലെ 4,28,742 തൊഴിലാളികൾക്കായി 34 കോടി രൂപ സാമ്പത്തിക പിന്താങ്ങൽ പദ്ധതി പ്രകാരം അനുവദിച്ചു. പൂട്ടിക്കിടക്കുന്ന 427 കശുവണ്ടി ഫാക്ടറികളിലെ 18,925 തൊഴിലാളികൾക്ക് 2,250 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ വിതരണം നടത്തുന്നതിന് 4,25,81,250 രൂപ അനുവദിച്ചതായി തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മൂന്നുവർഷത്തിൽ താഴെയായി പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ 2,897 തൊഴിലാളികൾക്ക് 2,000 രൂപ നിരക്കിൽ 57,94,000 രൂപ അനുവദിച്ചു. അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള ആശ്വാസ ധനസഹായമായി 941 പേർക്ക് 2,000 രൂപ നിരക്കിൽ 18,82,000 രൂപ അനുവദിച്ചു. അവശത അനുഭവിക്കുന്ന മരം കയറ്റ് തൊഴിലാളികൾക്ക് അവശത പെൻഷൻ കുടിശിക ഉൾപ്പെടെ 1,350 പേർക്ക് 1,74,69,100 രൂപ അനുവദിച്ചു. ജോലിക്കിടെ അപകടം സംഭവിച്ച മരം കയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായമായി 152 പേർക്ക് 1,05,15,000 രൂപ അനുവദിച്ചു.
ഉത്പാദനം, സേവനം, വാണിജ്യ സ്ഥാപങ്ങൾ, പൊതു മേഖല സ്ഥാപനങ്ങൾ, മറ്റുള്ളവ എന്നീ 5 തൊഴിൽ മേഖലകളിലായി തൊഴിൽ വകുപ്പിന്‍റെ പരിഗണയിൽ വന്ന 347 ബോണസ് തർക്കങ്ങൾ തൊഴിൽ വകുപ്പിന്‍റെ ജില്ലാ ലേബർ ഓഫീസ്, റീജിയണൽ ജോയിന്‍റ് ലേബർ കമ്മിഷണർ, ലേബർ കമ്മിഷണർ, തൊഴിൽ വകുപ്പ് മന്ത്രി തലങ്ങളിൽ പരിഹരിക്കുവാൻ സാധിച്ചു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ബോണസ് നിശ്ചയിച്ചതായും മന്ത്രി പറഞ്ഞു.
