കോട്ടയം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചു വീട്ടമ്മയെ മർദിച്ച വ്യാപാരിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി.ജോയി (65) യെയാണ് എൻഎസ്എസ് പടിയിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കറുകച്ചാൽ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30നോടെ എൻഎസ്എസ് പടിയിലെ റബർ തോട്ടത്തിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ടവിവരം
നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് ജോയിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ജോയി വിഷം കഴിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്.
ഇന്നലെ രാവിലെ 9.30നോടെ ജോയിയുടെ കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന്ആരോപിച്ച് ബസ് സ്റ്റാൻഡിൽ വച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോടു വീട്ടമ്മ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി ജോയി പറഞ്ഞു. തുടർന്ന് പൊലീസ് എത്തി വിശദവിവരം തിരക്കിയപ്പോൾ വീട്ടമ്മ മൊബൈൽ ഫോൺ കടയിൽ വച്ച് മാറിപ്പോയ വിവരം അറിയുന്നത്. പണം നൽകുന്നതിനിടയിൽ വീട്ടമ്മ തന്റെ മൊബൈൽ ഫോൺ ജോയിയുടെ
മേശപ്പുറത്ത് വയ്ക്കുകയും തിരക്കിനിടയിൽ ഫോൺ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോൺ ജോയിയുടെ മേശപ്പുറത്തു നിന്നു കണ്ടെത്തി. തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നു ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകാതെ തിരികെപ്പോയി.