തിരുവനന്തപുരം: ടിക് ടോക് - ഇൻസ്റ്റഗ്രാം താരം 'മീശ വിനീത്' എന്ന വിനീത് (26) കവർച്ചാ കേസിൽ വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിലാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. നേരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടുലക്ഷം രൂപ കവർന്ന കേസിലും ബലാത്സംഗക്കേസിലും വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കിളിമാനൂർ വെള്ളലൂർ സ്വദേശിയായ വിനീതിനെതിരെ പത്തോളം മോഷണക്കേസുകളുണ്ട്. ഈ വർഷം മാർച്ച് 23ന് നടന്ന സംഭവത്തിലാണ് ഇയാൾ മുൻപ് പിടിയിലായത്. പെട്രോൾ പമ്പ് മാനേജരിൽനിന്ന് പണമടങ്ങിയ ബാങ്ക് തട്ടിപ്പറിച്ച വിനീതും കൂട്ടാളിയും അന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിയുകയും തൃശൂരിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടുകയുമായിരുന്നു. വിനീതിനൊപ്പം കിളിമാനൂർ വെള്ളല്ലൂർ സ്വദേശി ജിത്തുവാണ് അന്ന് പിടിയിലായത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലും വിനീത് പിടിയിലായിരുന്നു. ഈ കേസിൽ ദിവസങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഇതിനിടെയാണ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് പണം കവർന്നതും പിടിയിലായതും.
