യു കെ : ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിന്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീല്‍ഡിനടുത്തുള്ള റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടന്റെയും പതാകള്‍ ഉയര്‍ത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ പങ്കെടുക്കും.
തുടര്‍ന്ന് ടീമുകളുടെ ജേഴ്‌സി വിതരണവും ബ്രീഫിങ്ങും നടക്കും. കൃത്യം പത്ത് മണിക്ക് തന്നെ ആദ്യ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് മത്സരങ്ങളുടെ ഇടവേളകളില്‍ വിത്യസ്തങ്ങളായ കലാപരിപാടികള്‍ നടക്കും. പ്രശസ്ത പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം ഉള്‍പ്പെടെ നിരവധി കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. മെഗാ തിരുവാതിര മറ്റ് കേരളീയ കലാരൂപങ്ങള്‍ എന്നിവ വേദിയില്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുന്‍ പ്രസിഡന്റും, ലെയ്‌സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ള, മുന്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ടീം, തിരുവാതിര, പുലികളി എന്നിവയോടൊപ്പം നൃത്തവും സംഗീതവും കോര്‍ത്തിണക്കിയ നിരവധി കലാരൂപങ്ങളും വേദിയില്‍ അരങ്ങേറും. പ്രശസ്ത ഗായകന്‍ അഭിജിത് കൊല്ലവും, 'ചായ & കോര്‍ഡ്‌സ്' മ്യൂസിക്ക് ബാന്റും കേരളപൂരം പ്രേക്ഷകര്‍ക്കായി വേദിയില്‍ നാദവിസ്മയം തീര്‍ക്കും.മലയാള സിനിമയില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി ഇന്ന് (ആഗസ്റ്റ് 26) റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വള്ളംകളി മത്സരം നടക്കുന്ന മാന്‍വേഴ്‌സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. യുക്മ കേരളപൂരം വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സംഘാടകര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കാണികളുടെ സൗകര്യാര്‍ത്ഥം ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ കൌണ്ടറുകള്‍ ഉണ്ടായിരിക്കുന്നതാണ്. മഗ്‌നാ വിഷന്‍ ടി വി യുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
