പുതുപ്പള്ളി : മീൻ കൃഷിയെ ഇഷ്ടപ്പെടുന്നവർക്കിതാ പുതുപ്പള്ളിയിലുണ്ട് മാതൃക. മീൻ വളർത്തി നൂറ് മേനി വിളവെടുത്ത് മാതൃക തീർക്കുകയാണ് പുതുപ്പള്ളി പയ്യപ്പാടി സ്വദേശി സുഭാഷ് പി വർഗീസ് . സിപിഐ എം ഏരിയാ സെക്രട്ടറിയായ സുഭാഷിന് പൊതുപ്രവർത്തനത്തിനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് മീൻ വളർത്തലും. പാമ്പാടി വെള്ളൂർ പാറാമറ്റത്തുള്ള പാറമടയിലാണ് കൃഷി. ഒരു ലക്ഷം കുഞ്ഞുങ്ങളെയാണ് നഴ്സറിയിലൂടെ നിശ്ചിത വളർച്ചയെത്തിച്ച ശേഷം പാറമടയിൽ നിക്ഷേപിച്ചത്. കൃത്യമായ പരിപാലനവും ശ്രദ്ധയും നൽകി വളർത്തി വലുതാക്കിയ മീൻ ഇപ്പോൾ വിളവെടുപ്പിന് പാകമായി കഴിഞ്ഞു. ഏകദേശം 50 ടൺ ഓളം മീൻ വിളവെടുക്കുവാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാറാമറ്റത്ത് മാലിന്യം നിറഞ്ഞ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിരുന്ന പാറമട ഏറെ പണിപ്പെട്ടാണ് സുഭാഷിന്റെ നേതൃത്വത്തിൽ ശുചീകരിച്ച് കൃഷിക്കനുയോജ്യമാക്കിയത്. അനാഥമായി കിടന്ന പാറമട ഇന്ന് ലക്ഷങ്ങൾ വിലമതിപ്പുള്ള മീൻ കുളമാക്കി മാറ്റിയത് നീണ്ട നാളത്തെ പരിശ്രമത്തിലൂടെയാണ്. വെള്ളം ശുദ്ധീകരിച്ച് മീൻ പരിപാലനത്തിനായി ജോലിക്കാരെ നിയോഗിച്ചും , പരിസരത്ത് ക്യാമറകൾ സ്ഥാപിച്ചുമെല്ലാം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും വിജയം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് സുഭാഷ് പി വർഗീസും സംഘവും. പൊതു പ്രവർത്തകനെന്ന നിലയിൽ ഒട്ടനവധി ആളുകൾക്ക് തൊഴിൽ നൽകുവാൻ കഴിഞ്ഞതും നേട്ടമായി. നിലവിൽ ആദ്യ ഘട്ട വിളവെടുപ്പ് പൂർത്തിയായി. ആവശ്യക്കാരുടെ ഓർഡർ ലഭിക്കുന്നതനുസരിച്ച് മീനുകൾ എത്തിച്ചു നൽകും. വിളവെടുപ്പിന്റെ ഉദ്ഘാടനം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയിക്ക് മീൻ കൈമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി പി എ വർഗീസ് , ലോക്കൽ കമ്മറ്റി അംഗം പി എസ് ശ്രീജിത്ത് , ബ്രാഞ്ച് സെക്രട്ടറി പി ജി മനു എന്നിവർ പങ്കെടുത്തു.
ഇതാവണം പൊതു പ്രവർത്തകൻ .. പൊതു പ്രവർത്തനത്തിനൊപ്പം മീൻ കൃഷി നടത്തി നൂറ് മേനി വിളവെടുത്ത് മാതൃക തീർക്കുകയാണ് സിപിഐ എം പുതുപ്പള്ളി ഏരിയാ സെക്രട്ടറിയായ സുഭാഷ് പി വർഗീസ്
Jowan Madhumala
0
Tags
Top Stories