പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്… വിജ്ഞാപനമിറങ്ങി… മണ്ഡലത്തിലെ സുപ്രധാന വിവരങ്ങൾ അറിയാം


കോട്ടയം 2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആ​​ഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്.

സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഭിന്ന ശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തിരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോമിനേഷൻ സമർപ്പിക്കാവുന്ന അവസാന തീയതിയായ ആഗസ്റ്റ് 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.

ഉപതെരഞ്ഞെടുപ്പിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചരണ സമയത്ത് 3 തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.
Previous Post Next Post