മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വാഴത്തോട്ടം വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കൈമാറി
മൂവാറ്റുപ്പുഴ: മുന്നറിയിപ്പ് നല്‍കാതെ കെഎസ്ഇബി വാഴവെട്ടിയ സംഭവത്തില്‍ കര്‍ഷകന് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ കര്‍ഷകന്‍ തോമസിന്റെ വീട്ടിലെത്തി തുക കൈമാറി. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പോകുന്നെന്ന് കാണിച്ചാണ് ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന 406 വാഴകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് കൃഷി മന്ത്രി പി. പ്രസാദും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വിഷയത്തില്‍ ഇടപെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി വാരപ്പെട്ടി പഞ്ചായത്തിലെ ഇലങ്കവത്ത് കൃഷി ചെയ്യുന്ന കര്‍ഷകനാണ് തോമസ്. കൃഷി സ്ഥലത്തിന് മുകളിലൂടെ 11 കെവി ലൈന്‍ പോകുന്നതിനാല്‍ അപകടമുണ്ടാകുമെന്ന് കാണിച്ചാണ് കെ.എസ്.ഇ.ബി. ഇദ്ദേഹത്തിന്റെ 50 സെന്റിലെ കൃഷി നശിപ്പിച്ചത്.