ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കോട്ടയം കോണ്‍ഗ്രസിനെ കൈവിട്ടു'; രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ലെന്ന് എംവി ഗോവിന്ദന്‍



 

തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസനപ്രക്രിയക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഫലപ്രദമായ തെരഞ്ഞടുപ്പ് പ്രചാരമാണ് പുതുപ്പള്ളിയില്‍ നടത്തുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേവലാതിയുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

പുതുപ്പള്ളി രാഷ്ട്രീയമായി ഇടുതുമുന്നണിക്ക് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്. വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ സഹതാപതരംഗം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കോട്ടയം ഇടതുമുന്നണിക്കൊപ്പമായിരുന്നെന്ന് ഓര്‍ക്കണമെന്ന് വാസവന്‍ പറഞ്ഞു. 


വന്‍ ഭൂരിപക്ഷം ഉറപ്പ്: സതീശൻ

പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി വിചാര ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാണിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് സതീശന്‍ പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായുമാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരുടീമായി തെരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും സതീശന്‍ പറഞ്ഞു.

أحدث أقدم