കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം! അടുത്തയാഴ്ച ശമ്പളം പൂർണമായി നൽകുമെന്ന് ധനമന്ത്രിയുടെ ഉറപ്പ്. ജീവനക്കാർക്ക് തുണയായത് ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം. ഓണം അലവൻസും പരിഗണനയിലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജൂലൈ മാസത്തെ ശമ്പളം പൂർണമായും അടുത്തയാഴ്ച നൽകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
ഓണക്കാലത്ത് ശമ്പളം ലഭിക്കാതായതോടെ വലിയ ആശങ്കയിലായിരുന്നു ജീവനക്കാർ. കടുത്ത പ്രതിഷേധ പരിപാടികളും പണിമുടക്കും നടത്താനുള്ള തീരുമാനത്തിലേക്ക് ജീവനക്കാർ കടക്കാനിരിക്കെയാണ് ധനവകുപ്പിന്റെ ആശ്വാസ പ്രഖ്യാപനം.
ധന, ഗതാഗത, തൊഴിൽ മന്ത്രിമാരുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയിലാണ് ബാലഗോപാൽ ഇക്കാര്യം അറിയിച്ചത്. ഓണം അലവൻസ് പരിഗണനയിലാണെന്നും ധനമന്ത്രി പറഞ്ഞു.
ശമ്പളം നൽകുന്നതിനുള്ള സഹായം ധനവകുപ്പ് നൽകുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. ഒറ്റത്തവണയായി തന്നെ എല്ലാ മാസവും ശമ്പളം നൽകണമെന്നാണ് സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടത്.
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജൂലൈ മാസത്തെ പെൻഷനും ഉടൻ നൽകണമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.