അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് 'വിദ്യാര്‍ത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു



തൃശൂര്‍: ചൊവ്വന്നൂരില്‍ അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനികളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. വരുന്ന രണ്ടു ദിവസം നിർണായകമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും വിഷം കഴിച്ചത്.

സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാൻ പോകരുതെന്ന് അധ്യാപിക വിദ്യാർത്ഥിനികൾക്ക് താക്കീത് നൽകിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാർത്ഥിനികൾ വെള്ളം കുടിക്കാൻ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും സമീപത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങിയതിനു ശേഷം വെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നു എന്നാണ് വിവരം.

വിഷം കഴിച്ചവരില്‍ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. നിലവില്‍ അപകടസാധ്യതയില്ലെന്നും രണ്ടുദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Previous Post Next Post