അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ലെന്ന് ഹൈക്കോടതി






 കൊച്ചി : കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ കോളജിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

2022 നവംബർ 18നു ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും അയാൾ തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണു പെൺകുട്ടിയുടെ മൊഴി. 

അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്.

പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവ സ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്നു കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

Previous Post Next Post