'നിജ്ജാർ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ പരിശീലനം നേടി; കാനഡയിൽ ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു'


 

ന്യൂഡൽഹി: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകൾ പുറത്ത്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ വഷളായിരിക്കെയാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ രേഖകൾ പുറത്തുവന്നിരിക്കുന്നത്.ആക്രമണം നടത്തുന്നതിന് പാകിസ്താനിൽ നിന്നും ചാരസംഘടനയായ ഐഎസ്ഐയിൽ നിന്നും പരിശീലനം നേടുകയും ചെയ്തു. രാജ്യത്തും പുറത്തുമുള്ള വിവിധ ഖലിസ്ഥാനി നേതാക്കളുമായി ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു.


2012ൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ജഗ്തർ സിങ് താരയുമായി ഇയാൾ അടുപ്പമുണ്ടാക്കിയിരുന്നു. അതേവർഷം ഏപ്രിൽ മാസത്തിൽ ഇയാൾ പാകിസ്താൻ സന്ദർശിച്ചതായും ആയുധപരിശീലനം നേടുകയും ചെയ്തിരുന്നു. അതിന് പുറമെ, പഞ്ചാബിലും ഇന്ത്യയുടെ മറ്റ് വിവിധ ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് പണം നൽകിയിരുന്നുവെന്നും രഹസ്യാന്വേഷണ രേഖകളിൽ വ്യക്തമാക്കുന്നു.കാനഡയിൽ ഇയാൾ നിരവധി ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായും വ്യക്തികൾക്ക് എകെ 47, സ്നൈപ്പർ തോക്കുകൾ, കൈത്തോക്ക് എന്നിവ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നൽകുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കളെ വധിക്കുന്നതിന് ഇയാൾ ആളുകളെ ഇന്ത്യയിലേക്ക് അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

2014ൽ ഹരിയാനയിലെ സിർസയിലുള്ള ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ നിജ്ജാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇന്ത്യയിലേക്ക് എത്താൻ സാധിക്കാതെ വന്നതിനാലാണ് ഇത് നടക്കാതെ പോയത്. അതിന് പുറമെ, മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാവ് നിശാന്ത് ശർമ, ബാബാ സിങ് പെവോര വാലെ എന്നിവരെ ലക്ഷ്യമിടാൻ നിജ്ജാർ നിർദ്ദേശിച്ചിരുന്നു.2021ൽ നിജ്ജാറിന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ഹിന്ദു പൂജാരിയെ കൊലപ്പെടുത്തുവാൻ അർഷ്ദീപ് എന്നയാളേയും ഇയാൾ ചട്ടംകെട്ടിയിരുന്നു. എന്നാർ, പൂജാരി രക്ഷപെടുകയും ചെയ്തു. ഇത്തരത്തിൽ നിജ്ജർ കാനഡയിൽ ഇരുന്ന് പഞ്ചാബിൽ വിവിധ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു.

1996ൽ രവി ശർമ എന്ന പേരിലുള്ള ഒരു വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് നിജ്ജർ കാനഡയിൽ എത്തുന്നത്. പിന്നീട്, ട്രക്ക് ഡ്രൈവറായും പ്ലംബറായും ഇയാൾ ജോലി ചെയ്തിരുന്നു. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പുറമെ, അവിടുത്തെ പ്രാദേശിക ഗുരുദ്വാരകൾ സംഘടിപ്പിക്കുന്നത്.

കാനഡയിലെ പ്രാദേശിക ഗുരുദ്വാരകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ വിലക്കണമെന്നും ഇയാൾ നിരവധി വട്ടം ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ തലവനായിരുന്ന നിജ്ജാറിനെ ഇന്ത്യ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂൺ 18ന് ബ്രിട്ടീഷ് കൊളമ്പിയ പ്രവശ്യയിൽ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് അജ്ഞാതരായ രണ്ട് പേരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് വിവിധ ഖലിസ്ഥാൻ സംഘടനകൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ചാരന്മാരാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍ഡോ പാർലമെന്റിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങളുണ്ടായത്.
Previous Post Next Post