ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും താമസക്കാര്‍ക്കിടയില്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് നടത്തുന്ന ഏറ്റവും വിപുലമായതും, വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായ സര്‍വേയാണ് സെന്‍സസ്. ഏതാണ്ട് രണ്ട് നൂറ്റാണ്ടുകളായി തുടരുന്ന ഈ പതിവ് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും നയപരിപാടികള്‍ രൂപീകരിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നുമുണ്ട്. 2001-ല്‍ ആയിരുന്നു മതവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്.
അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ''എനി അദര്‍ റിലിജിയന്‍'' എന്ന കോളം രാജ്യത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രം പിന്തുടരുന്ന പല വിശ്വാസങ്ങളെ കുറിച്ചുമുള്ള കൃത്യമായ ഉള്‍ക്കാഴ്ച്ച നല്‍കുന്നു. അതില്‍ ഏറ്റവും അതിശയകരമായ കാര്യം സ്വയം വാഴ്ത്തപ്പെട്ട മന്ത്രവാദികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നതാണ്. 2021 ലെ സെന്‍സസ് പ്രകാരം, ബ്രിട്ടനില്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നവരുടെ എണ്ണം 13,858 ആണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 6.3 ശതമാനം കൂടുതല്‍.
അടുത്ത കാലത്തായി ടിക്ടോക് പോലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള്‍ മന്ത്രവാദത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിച്ച് ടോക്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന, മന്ത്രവാദവുമായി ബന്ധപ്പെട്ട വീഡിയോകള്‍ മൊത്തത്തില്‍ 30 ബില്യന്‍ വ്യുവിലേറെ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. അതേസമയം,,പുതിയതായി ഈ രംഗത്തേക്ക് എത്തുന്നവര്‍ക്കായുള്ള ബേബി വിച്ച് വീഡിയോകളുടെ വ്യുവര്‍ഷിപ്പ് 600 മില്യണ്‍ കടന്നിരിക്കുന്നു.
മന്ത്രവാദത്തിന്റെ ജനപ്രീതി വര്‍ദ്ധിച്ചു വരുന്നത് കണ്ട് 2019-ല്‍ തന്നെ ന്യുയോര്‍ക്ക് ടൈംസ് ചോദിച്ചിരുന്നു, ''എല്ലാവരും മന്ത്രവാദികള്‍ ആകുന്ന കാലം എന്നാണ് വന്നു ചേരുന്നത് ?'' എന്ന്. അതില്‍ എപ്പോള്‍ എന്നതിന് ഒരുപക്ഷെ ഉത്തരം നല്‍കാനാവില്ലായിരിക്കും. എന്നാല്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇങ്ങേക്കരയില്‍, എവിടെ എന്നതിന് വ്യക്തമായ ഒരു ഉത്തരമുണ്ടെന്നാണ് ഡെയ്ലി എക്സ്പ്രസ്സ് പറയുന്നത്. കോണ്‍വാളിലാണ് ഏറ്റവും അധികം മന്ത്രവാദികള്‍ ഉള്‍ലത്. ഇവിടെ 267 പേരാണ് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവരായി ഉള്ളത്.
ഒരുകാലത്ത് രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങള്‍ യക്ഷികളുടെയും പ്രേതങ്ങളുടെയും ഒക്കെ ആവസസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്. ആ ചരിത്രമൊക്കെ അറിയാവുന്നവര്‍ക്ക് പക്ഷെ ഈ വാര്‍ത്ത തെല്ലും അദ്ഭുതം സൃഷ്ടിക്കില്ല. ഇത്തരം നാടോടിക്കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും സ്ഥാനമൊരുക്കി വടക്കന്‍ തീരപ്രദേശ ഗ്രാമമായ ബോസ്‌കാസിലില്‍ ഒരു മ്യുസിയം ഓഫ് വിച്ച്ക്രാഫ്റ്റ് ആന്ദ് മാജിക് കൂടി ഉണ്ടെന്നുള്ളത് ഓര്‍ക്കുക.
മന്ത്രവാദവും, പ്രാചീന അനുഷ്ഠാനങ്ങളുടെ ആധുനിക രൂപമായ വിക്കയും ഇപ്പോള്‍ പല വര്‍ത്തമാനകാല പേജന്‍ പ്രസ്ഥാനങ്ങളുടെയും അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ക്രിസ്തുവിന് മുന്‍പുണ്ടായിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും പൂജിക്കുന്ന പുരോഹിതരും വിഗ്രഹാരാധകരും ഒക്കെ ഇത്തരം കര്‍മ്മങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
കോണ്‍വാള്‍ മന്ത്രവാദികളുടെ എണ്ണത്തില്‍ മുന്നിലെത്തിയപ്പോള്‍ 175 പേരുമായി ബിര്‍മ്മിംഗ്ഹാം രണ്ടാംസ്ഥാനത്തും, 170 മന്ത്രവാദികളുമായി വില്‍റ്റ്ഷയര്‍ മൂന്നാം സ്ഥാനത്തും, 140 മന്ത്രവാദികളുമായി പ്ലിമത്ത് നാലാം സ്ഥാനത്തും എത്തി.