തികച്ചും സൗജന്യമായ യുകെ വിസ അപ്പോയിന്റ്മെന്റിന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏജന്റുമാര്‍ വന്‍തുക ഈടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും വാങ്ങുന്നത് 80,000 രൂപ വരെ

 


യു കെ വിസ അപ്പോയിന്റ്മെന്റുകള്‍ ബ്രോക്കര്‍മാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം, യു കെയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് വന്‍തുക വാങ്ങി നിയമവിരുദ്ധമായി മറിച്ചു വില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഒബ്സര്‍വര്‍ പത്രം നടത്തിയ അന്വേഷണത്തില്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏജന്റുമാര്‍ ഇതിനായി 800 പൗണ്ട് വരെ വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബയോമെട്രിക് അപ്പോയിന്റ്മെന്റിനു സമൂഹ മാധ്യമങ്ങളിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്.


''നിങ്ങള്‍ യു കെ യിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിക്കുകയാണോ? വിസ അപ്പോയിന്റ്മെന്റിന്റെ ലഭ്യത നിങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിക്കില്ല.'' എന്നാണ് സമൂഹമാധ്യമത്തില്‍ വന്ന ഒരു പോസ്റ്റ് തുടങ്ങുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്, സൗകര്യത്തിനനുസരിച്ചുള്ള സമയവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു ചിലരാകട്ടെ, കാത്തുകിടക്കുന്ന അപേക്ഷകള്‍ തീര്‍ക്കുന്നതിനു തൊട്ടുമുന്‍പായി തന്നെ സാമാന്യം ഭേദപ്പെട്ട തുകക്ക് തൊട്ടടുത്ത ദിവസം തന്നെ അപ്പോയിന്റ്മെന്റ് തരപ്പെടുത്തുന്നു.


വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും, ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ നിന്നുമുള്ള വിസ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ചില വിദേശ കോണ്‍സുലാര്‍ സര്‍വ്വീസുകള്‍ക്ക് മേല്‍ വന്നുചേര്‍ന്ന സമ്മര്‍ദ്ദം ദുരുപയോഗപ്പെടുത്തിയാണ് ഇവിടെ കരിഞ്ചന്ത വളരുന്നത്. യുകെയില്‍ ആറു മാസത്തില്‍ അധികം താമസിക്കാന്‍ ആഗ്രഹിക്കുന്നവരും, ചില രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വകാല സന്ദര്‍ശകരും, വ്യക്തിപരമായി തന്നെ, അവരുടെ മാതൃരാജ്യത്ത് അപ്പോയിന്റ്മെന്റിന് എത്തി വിരലടയാളങ്ങളും ഫോട്ടോയും നല്‍കേണ്ടതുണ്ട്.


സാധാരണ രീതിയില്‍ തികച്ചും സൗജന്യമാണ് ഈ അപ്പോയിന്റ്മെന്റുകള്‍. അല്ലെങ്കില്‍ 30 പൗണ്ടും, 85 പൗണ്ടും മുന്‍ഗണന സേവനത്തിന് ഫീസായി ഈടാക്കി നേരത്തെ അപ്പോയിന്റ്മെന്റ് നല്‍കുന്നുമുണ്ട്. എന്നാല്‍, ഇതുവഴി അപേക്ഷിക്കുന്ന, ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അത് ലഭിക്കാന്‍ ഏറെ ക്ലേശിക്കേണ്ടതായി വരുന്നു. ഈ മേഖലയിലെ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഹോം ഓഫീസ് നിയോഗിച്ചിട്ടുള്ള ഔട്ട്സോഴ്സിംഗ് കമ്പനിയായ വി എഫ് എസ് ഗ്ലോബല്‍ എന്ന കമ്പനി വഴിയാണ് അപേക്ഷിക്കേണ്ടത്.ഇവിടെ അപ്പോയിന്റ്മെന്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ വ്യത്യസ്ത വഴികളാണ് ഏജന്റുമാര്‍ പിന്തുടരുന്നത്. ചിലര്‍ ഓട്ടോമേറ്റഡ് ബോട്ടുകള്‍ ഉപയോഗിച്ച് പുതിയതായി റിലീസ് ചെയ്ത സ്ലോട്ടുകള്‍ കണ്ടെത്തുമ്പോള്‍ മറ്റു ചിലര്‍ വി എഫ് എസ്സിന്റെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും അത് കണ്ടെത്തുന്നു. ആവശ്യമില്ലെങ്കില്‍ കൂടി അവര്‍ ഈ സ്ലോട്ടുകള്‍ ബുക്ക് ചെയ്യും. പിന്നീട് അത് കാന്‍സല്‍ ചെയ്ത്, പണം നല്‍കുന്ന കക്ഷികളുടെ പേരില്‍ ബുക്ക് ചെയ്ത് നല്‍കും.


ഈ പ്രശ്നം വളരെയേറെ ഗുരുതരമായിട്ടുള്ളത് പാകിസ്ഥാനിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള ദുരുപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും വിസക്ക് അപേക്ഷിക്കുന്നവര്‍ പറയുന്നത്, ഏജന്റിന് പണം നല്‍കി അപ്പോയിന്റ്മെന്റ് വാങ്ങുക എന്നതല്ലാതെ തങ്ങള്‍ക്ക് മുന്‍പില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നാണ്.

Previous Post Next Post