ആന്ധ്ര ട്രെയിനപകടം: ലോക്കോ പൈലറ്റ് സിഗ്നൽ ചട്ടം ലംഘിച്ചതായി കണ്ടെത്തൽ


 

ആന്ധ്ര ട്രെയിനപകടത്തിന് കാരണമായത് ലോക്കോ പൈലറ്റ് സിഗ്നൽ ലംഘിച്ച് കടന്നതാണെന്ന് കണ്ടെത്തൽ. റെയിൽവേ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


കഴിഞ്ഞദിവസം വൈശ്യനഗരം ജില്ലയിൽ കോത്തവാലസ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം നടന്നത്. വിശാഖപട്ടണത്തു നിന്ന് പാലസയിലേക്ക് പോകുകയായിരുന്ന ഒരു പ്രത്യേക പാസഞ്ചർ ട്രെയിനിനു പിന്നിൽ വിശാഖപട്ടണം-റായഗുഡ പാസഞ്ചർ ട്രെയിൻ വന്നിടിക്കുകയായിരുന്നു. വിശാഖപട്ടണം-പാലസ ട്രെയിനിന്റെ പിന്നിലെ മൂന്ന് കോച്ചുകളും, വിശാഖപട്ടണം-റായ്ഗുഡ ട്രെയിനിന്റെ ലോക്കോമോട്ടീവും രണ്ട് കോച്ചുകളും പാളം തെറ്റി. അപകടത്തിൽ കുറഞ്ഞത് 14 പേർ മരിക്കുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.വിശാഖപട്ടണം-റായ്ഗുഡ ട്രെയിൻ റെയിൽവേയുടെ സിഗ്നൽ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാതയിൽ രണ്ടിടത്ത് സിഗ്നലുകൾക്ക് പ്രശ്നമുണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ 2 മിനിറ്റ് നിർത്തിയിടേണ്ടതുണ്ടായിരുന്നു. പിന്നീട് മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കണമെന്നതാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിക്കാതെ വിശാഖപട്ടണം-റായ്ഗുഡ ട്രെയിനിന്റെ ലോക്കോപൈലറ്റ് യാത്ര തുടർന്നു. അതേ പാതയിൽ നേരത്തേ കടന്നുപോയ വിശാഖപട്ടണം - പാലസ പാസഞ്ചർ ട്രെയിൻ ഈ ചട്ടം പാലിച്ചാണ് യാത്ര ചെയ്തിരുന്നത്. പാതയിൽ ചട്ടപ്രകാരം നിയന്ത്രിതമായ വേഗതയിൽ യാത്ര ചെയ്യുകയായിരുന്ന വിശാഖപട്ടണം-പാലസ ട്രെയിനിനു പിന്നിൽ വിശാഖപട്ടണം-റായ്ഗുഡ ട്രെയിൻ ചെന്നിടിക്കുകയായിരുന്നു.ലോക്കോപൈലറ്റായ എസ്എംഎസ് റാവുവും, അസിസ്റ്റന്റ് ലോക്കോപൈലറ്റുമാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ട് നിഗമനം ചെയ്യുന്നു. രണ്ടുപേരും അപകടത്തിൽ മരണമടഞ്ഞു.

Previous Post Next Post