ജിദ്ദ: വിസ ഏജന്റ് ചതിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ കമ്പനിയുടെ പേരില്‍ സൗദിയിലെത്തിയ മലയാളികളായ 150ഓളം പേര്‍ നിയമക്കുരുക്കില്‍ അകപ്പെട്ടു. കമ്പനിയുടെ പേരില്‍ സന്ദര്‍ശക വിസയിലാണ് ഇവരെ എത്തിച്ചത്. തൊഴിലാളികള്‍ ഒളിച്ചോടി (ഹുറൂബ്) യെന്ന് കമ്പനി അധികാരികള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തു. ഇനി നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ ഇവര്‍ക്ക് നാട്ടില്‍ പോകാനാകൂ. സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.മള്‍ട്ടിപ്പിള്‍ ബിസിനസ് വിസിറ്റ് വിസയാണെങ്കിലും ഇനി ഇവര്‍ക്ക് വിസ പുതുക്കാന്‍ സാധിക്കില്ല. ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാവരും മലയാളികളാണ്. വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഏതുതരം വിസയാണെന്നും കമ്പനിയെ കുറിച്ചുള്ള വിവരങ്ങളും മനസിലാക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്ന സംഭവമാണിത്. 150ഓളം പേരില്‍ ആരും തന്നെ കാര്യമായ അന്വേഷണം നടത്താതെ കിട്ടിയ വിസയില്‍ കടല്‍കടക്കുകയായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ജിദ്ദയിലെ ഒരു കമ്പനിയുടെ പേരില്‍ ജിദ്ദയിലും റിയാദിലുമായാണ് ഇത്രയും പേര്‍ വിമാനമിറങ്ങിയത്. കേരളത്തിലെ ഏജന്റ് വഴി കഴിഞ്ഞ മാസമാണ് ഇവര്‍ക്കെല്ലാം വിസ ലഭിച്ചത്. സൗദിയിലെത്തി ഒരാഴ്ച കഴിഞ്ഞ ശേഷം തട്ടിപ്പ് മനസിലാക്കി ഏതാനും പേര്‍ തിരിച്ചുപോകാനൊരുങ്ങി. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹുറൂബായ (റണ്‍ എവേ) വിവരം അറിഞ്ഞത്. ജവാസാത്തുമായി ബന്ധപ്പെപ്പോള്‍ ഹുറൂബായതിനാല്‍ ജയില്‍വഴിയല്ലാതെ പോകാന്‍ കഴിയില്ലെന്നും വ്യക്തമായി.ജോലിക്കാരെ റിക്രൂട്ട്‌ചെയ്ത് കാര്യം അറിയില്ലെന്ന്് ജിദ്ദയിലെ കമ്പനി ഉടമകള്‍ പറയുന്നു. കമ്പനി ഉടമ അറിയാതെ ഏജന്റുമാര്‍ ബിസിനസ് വിസകള്‍ എടുത്തുവെന്നാണ് വിവരം. സന്ദര്‍ശന വിസയില്‍ ഓരാള്‍ സൗദിയിലെത്തിയാല്‍ ആ വിവരം അപ്പോള്‍ തന്നെ സ്‌പോണ്‍സറായ കമ്പനിയുടെ ഇലക്ട്രോണിക് സിസ്റ്റത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഉടമയെ അറിയിക്കാതെ എത്തിച്ചവരെ മുഴുവന്‍ ഹുറൂബാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.ഇതിനകം നാടുകടത്തല്‍ കേന്ദ്രം വഴി ഏതാനും പേര്‍ മടങ്ങിയിട്ടുണ്ട്. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാണ് ഇവരെ തിരിച്ചയച്ചത്. വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകര്‍ മറ്റുള്ളവരെ നാട്ടിലേക്ക് അയക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മലയാളിയായ ഏജന്റാണ് എല്ലാവര്‍ക്കും വിസ നല്‍കിയത്. കുറഞ്ഞ വിലക്ക് കമ്പനിയുടെ പേരിലുള്ള ബിസിനസ് വിസകള്‍ ഇദ്ദേഹത്തിന് ലഭിച്ചത് ഉത്തരേന്ത്യക്കാരനായ വിസ ഏജന്റില്‍ നിന്നാണെന്ന് പറയപ്പെടുന്നു. ഏജന്റുമാരില്‍ നിന്ന് വിസ വാങ്ങുന്നവര്‍ തങ്ങളുടെ സ്‌പോണ്‍സര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കുന്നത് ഇത്തരം കുരുക്കുകളില്‍ പെടാതിരിക്കാന്‍ സഹായിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.