യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടെ വീട്ടിൽ മോഷണം, കവർന്നത് 27.5 പവൻ സ്വർണാഭരണങ്ങൾ, യഹോവാ വിശ്വാസിയായ പ്രതി അറസ്റ്റിൽ കൊച്ചി: ഞായറാഴ്ച കളമശേരിയിൽ സ്ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ച യഹോവാ വിശ്വാസി നോർത്ത് പോലീസിന്റെ പിടിയിൽ. എളംകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസ് (36) ആണ് പിടിയിലായത്. 29 ന് രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു പ്രതി അകത്തു കടന്നു.കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന ശേഷം 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവരുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾക്ക് 15 ലക്ഷം രൂപ വില വരും. മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്. പ്രതിയും യഹോവാ വിശ്വാസിയാണ്.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. ഡിസിപി എസ് ശശിധരന്റെ നിർദേശപ്രകാരം സെൻട്രൽ എസി സി ജയകുമാറിന്റെ മേൽനോട്ടത്തിൽ നോർത്ത് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ, എസ്ഐ മാരായ ടിഎസ് രതീഷ്, ആഷിഖ്, എയിൻ ബാബു, എസ്സിപിഒ മാരായ സുനിൽ കുമാർ, വിപിൻ, റിനു, വാസൻ , ഗിരീഷ്, പ്രഭ ലാൽ , ഗിരീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.


Previous Post Next Post