ഗാന്ധിനഗർ: 12 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പോലീസ് പിടിയിൽ. ഗാന്ധിനഗർ: 12 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കൊലക്കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. വേളൂർ അരങ്ങത്തുമാലി വീട്ടിൽ സുലൈമാൻ (54) എന്നയാളാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്. 2007 ൽ പെരുമ്പായിക്കാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ നിന്നും ശിക്ഷാ കാലാവധി 10 വർഷമായി കുറച്ചു വാങ്ങിയശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ സുധി കെ.സത്യപാലൻ, സി.പി.ഓ മാരായ മധു റ്റി.എം സുജിത്ത് ആർ.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Previous Post Next Post