നാല് സംസ്ഥാനങ്ങളിലൂടെ നടന്ന് കടുവയെത്തുന്നു; 2,000 കിലോമീറ്റർ പിന്നിട്ടു, ഭയത്തോടെ ഗ്രാമവാസികൾ



 ഭുവനേശ്വർ: ആശങ്ക ശക്തമാക്കി അഞ്ച് മാസത്തിനിടെ നാല് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കടുവ. നാല് സംസ്ഥാനങ്ങളിലൂടെ 2,000 കിലോമീറ്ററിലധികം സഞ്ചരിച്ച ബംഗാൾ കടുവ സഞ്ചരിക്കുന്നത് തുടരുന്നതാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്. മൂന്ന് മാസമായി തുടരുന്ന കടുവയുടെ സഞ്ചാരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒഡീഷയിലെ ഗജ്പതി ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടുവയുടെ സഞ്ചാരപാത കണ്ടെത്താനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.മഹാരാഷ്ട്രയിൽ ബ്രഹ്മപുരയിലെ തഡോബ പ്രദേശത്ത് നിന്നാണ് കടുവ യാത്ര ആരംഭിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒഡീഷയിലെത്തുന്നതിന് മുൻപ് തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലൂടെ കടുവ 2,000 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ടാകണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാലോ അഞ്ചോ വയസ്സ് പ്രായമുള്ള കടുവ ദിവസം 25 മുതൽ 30 കിലോമീറ്റർവരെ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അനുയോജ്യമായ പ്രദേശമോ ഇണയോ തേടിയോ ആകാം കടുവ സഞ്ചരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യവാസമേഖലകളിലൂടെ കടന്നുപോയെങ്കിലും കടുവ മനുഷ്യരെ ആക്രമിച്ചിട്ടില്ല. ജലാശയങ്ങൾ, കൃഷിസ്ഥലങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, വനപ്രദേശം എന്നിവടങ്ങളിലൂടെയാണ് കടുവ കടന്നുപോയത്.

2023 ജൂണിലാണ് കടുവയെ സംസ്ഥാനത്തെ വനങ്ങളിൽ ആദ്യമായി കണ്ടതെന്ന് ഒഡീഷ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷയിലെ രായഗഡ ഡിവിഷനും ആന്ധ്രാപ്രദേശിലെ മന്യം ഡിവിഷനുമിടയിൽ കടുവ സഞ്ചരിക്കുന്നത് പതിവായിരുന്നു. സെപ്റ്റംബറിൽ ഗജപതി ജില്ലയിലെ പർലഖെമുണ്ടി ഫോറസ്റ്റ് ഡിവിഷനിൽ കടവയെത്തിയതോടെ ഗ്രാമവാസികൾ കടുവയെ കാണുകയും വിവരമറിയിക്കുകയുമായിരുന്നുവെന്ന് പർലഖെമുണ്ടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആനന്ദ് എസ് പറഞ്ഞു.ഒക്‌ടോബർ 18ന് ഗ്രാമത്തിലെത്തുകയും പശുവിനെ കൊന്നുതിന്നതായി ആനന്ദ് കൂട്ടിച്ചേർത്തു. ഗജപതിയിൽ കഴിഞ്ഞ 30 വർഷമായി കടുവ പ്രവേശിച്ചിട്ടില്ല. അതിലാൻ കടുവയാണോ മറ്റ് ഏതെങ്കിലും മൃഗങ്ങളാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതോടെ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയും കടുവയുടെ മൂന്നോളം ദൃശ്യങ്ങൾ പതിയുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കടുവയുടെ ദൃശ്യം ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് (WII) അയച്ച് നൽകി നടത്തിയ പരിശോധനയിൽ മുൻപ് മഹാരാഷ്ട്രയിൽ കണ്ടെത്തിയ കടുവ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബ്രഹ്മപുരി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഈ കടുവയുടെ ദൃശ്യങ്ങൾ മുൻപ് ലഭിച്ചിരുന്നു. ഇതോടെയാണ് കടുവ യാത്ര ആരംഭിച്ചത് മഹാരഷ്ട്രയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചത്.കടുവയുടെ സഞ്ചാരം തുടരുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. രാത്രിയിൽ വീടിന് പുറത്തിറങ്ങരുതെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിതമായസ്ഥലങ്ങളിലേക്ക് മാറ്റണമെന്നും കർശന നിർദേശം നൽകി. 35 അംഗങ്ങൾ അടങ്ങുന്ന അഞ്ച് ടീമുകളെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അശോക് ബെഹ്‌റ പറഞ്ഞു. സ്വന്തം ആവാസവ്യവസ്ഥ കണ്ടെത്താനും ഇണയെ കണ്ടെത്തുന്നതിനുമായി ആൺകടുവകൾ ശരാശരി 27 കിലോമീറ്റർ ദൂരവും പെൺകടുവകൾ ശരാശരി 5.7 കിലോമീറ്റർ ദൂരവും സഞ്ചരിക്കാറുണ്ട്.
Previous Post Next Post