പണി തടയുമെന്ന് സിഐടിയു.. 25ഓളം പേർ ചേർന്ന് വീടിന്‍റെ വാർക്കപ്പണി നടത്തി..


 
ഇടുക്കി: തൊഴിലാളികൾക്ക് പണി കൊടുത്തില്ലെങ്കിൽ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടുമായി സിഐടിയു രംഗത്ത് വന്നതോടെ നാട്ടുകാർ സംഘടിച്ച് വീടിന്‍റെ വാർക്കപ്പണി നടത്തി. ഇടുക്കി വളകോട് പാലപ്പുറത്ത് സ്റ്റാലിൻ ജോസഫിന്‍റെ വീടിന്‍റെ മേൽക്കൂര വാർക്കലാണ് നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ നടന്നത്. വർഷങ്ങളായി ലൈഫ് പദ്ധതിയിൽ വീടിനായി സ്റ്റാലിൻ അപേക്ഷ നൽകിയെങ്കിലും കിട്ടിയിരുന്നില്ല.തുടർന്ന് സ്വർണം പണയം വച്ചും പത്തു ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തുമാണ് ചെറിയൊരു വീടു പണിയാൻ തീരുമാനിച്ചത്. ഒരാൾക്ക് കരാറും നൽകി. വീടിന്‍റെ വാർക്കയ്ക്ക് റെഡി മിക്‌സ് ഉപയോഗിക്കാൻ തീരുമാനിച്ചതോടെ 15 തൊഴിലാളികൾക്ക് പണി നൽകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.അത്രയും പേരുടെ ആവശ്യമില്ലാത്തതിനാൽ അഞ്ചു പേർക്ക് പണി നൽകാമെന്ന് അറിയിച്ചെങ്കിലും യൂണിയൻ തയാറായില്ലെന്ന് സ്റ്റാലിൻ പറയുന്നു. പണി തടയാനായി ചിലർ സ്ഥിരമായി സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു. സ്റ്റാലിനും കരാറുകാരനും, തൊഴിലാളികളേയും നേതാക്കളേയും സമീപിച്ചെങ്കിലും പണി നടത്താൻ അവര്‍ സമ്മതിച്ചില്ല.ഈ വിവരം അറിഞ്ഞ് ഇരുപത്തിയഞ്ചോളം നാട്ടുകാർ സ്ഥലത്തെത്തി വീട് കോൺക്രീറ്റ് ചെയ്തു കൊടുക്കുകയായിരുന്നു.
Previous Post Next Post