ഇത്തവണയും ഹൈബിയെ തന്നെ കളത്തിലിറക്കിയേക്കും; ലോകസഭ തെരെഞ്ഞെടുപ്പിന് സജ്ജമായി എറണാകുളം ജില്ലയിൽ കോൺഗ്രസ്‌; ഒരുക്കങ്ങൾ വിലയിരുത്തി 28 ബ്ലോക്കുകൾകൊച്ചി: ലോകസഭ തെരെഞ്ഞെടുപ്പിന് സജ്ജമായി എറണാകുളം ജില്ലയിൽ കോൺഗ്രസ് പാർട്ടി. സ്ഥാനാർഥി ചർച്ചകൾ അടക്കം പാർട്ടിക്കുള്ളിൽ പൊടിപൊടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയിലെ കോൺഗ്രസിന്‍റെ ബ്ലോക്ക് തല ജനറൽ ബോഡി യോഗങ്ങൾ ജില്ലയിലെ 28 ബ്ലോക്കുകളിലും ഇതിനോടകം പൂർത്തീകരിച്ചു. ഇതിന്‍റെ തുടർച്ചയെന്നോളം ജില്ലാ പ്രവർത്തക കൺവൻഷനും ഇന്ന് ജില്ലയിൽ നടന്നു. ലോക്സഭ തെരെഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനും പാർട്ടിയിലെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും ചേർന്ന കൺവൻഷനിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുത്തു.അതേസമയം, എറണാകുളം ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥി ലിസ്റ്റിൽ ഹൈബി ഈഡന്‍റെ പേരല്ലാതെ മറ്റ് പേരുകളൊന്നും ഉയർന്ന് കേട്ടില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് ഹൈബി ഈഡൻ എറണാകുളത്ത് വിജയിച്ചത്. ഹൈബിക്ക് അന്ന് ലഭിച്ചത് 4,91,263 വോട്ടുകളാണ്. ലത്തീൻ സഭയിൽ നിന്നുള്ള വോട്ടർമാർ കൂടുതലുള്ള മണ്ഡലം കൂടിയാണ് എറണാകുളം ലോക്സഭ മണ്ഡലം. ഇതിനാൽ ഹൈബിയെ തന്നെ വീണ്ടും കളത്തിലിറക്കാനാകും കോൺഗ്രസിന്‍റെ ശ്രമം. സിപിഎമ്മും ലത്തീൻ സഭയിൽ നിന്നുള്ള സ്ഥാർഥിയെ തന്നെയാകും ഇത്തവണ കളത്തിലിറക്കുക.അതേസമയം, കോൺഗ്രസ് പാർട്ടിയിൽ നിലവിൽ തുടർന്ന് പോകുന്ന അനൈക്യം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രവർത്തകർ പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും തമ്മിലടിക്കുന്ന കോൺഗ്രസുകാരെ ആരും പിന്തുണയ്ക്കില്ലെന്നും സുധാകരൻ വ്യക്തമാക്തി. താഴെ തട്ടിൽ പ്രവർത്തകർ തമ്മിൽ സ്നേഹമില്ല. നേതാക്കളും അണികളും തമ്മിൽ വലിയ അടുപ്പമില്ല. ഇതിനാൽ പ്രവർത്തകർ ആത്മപരിശോധന നടത്തണമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. അതേസമയം, പാർട്ടി പുനഃസംഘടന ഡിസംബർ 28 ന് മുൻപ് പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം ജനുവരി മൂന്നാം വാരത്തോടെ കെപിസിസി പ്രസിഡന്‍റിന്‍റെ കേരള യാത്ര ആരംഭിക്കുമെന്നും സുധാകരൻ അറിയിച്ചു.

Previous Post Next Post