ഹമാസ് - ഇസ്രയേല്‍ സംഘര്‍ഷത്തിനിടയില്‍ ഫേസ്ബുക്കില്‍ യഹൂദവിരുദ്ധ കമന്റിട്ട ലണ്ടനിലെ ഇന്ത്യാക്കാരനായ സീനിയര്‍ ഡോക്ടര്‍ക്ക് ജോലി നഷ്ടപ്പെട്ടു;




ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രയേലിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നവരാണ് അമേരിക്ക ഉള്‍പ്പടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും. മാത്രമല്ല, അമേരിക്കയും ബ്രിട്ടനുമൊക്കെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ഹമാസിന് പിന്തുണ നല്‍കുന്നത് പോലും ഒരുപക്ഷെ ഭീകരവാദ പ്രവര്‍ത്തനമായി കണക്കാക്കി നടപടികള്‍ എടുത്തേക്കാമെന്ന് നിയമ വിദഗ്ധര്‍. എന്നിട്ടും അന്ധമായ ആവേശം മൂത്ത് പലരും സ്വന്തം ഭാവി തന്നെ അപകടത്തിലാക്കിക്കൊണ്ട് ഹമാസിനെതിരെ രംഗത്ത് വരുന്നുണ്ട്.ഇത്തരത്തില്‍ ഒരു മണ്ടത്തരം കാണിച്ച ഇന്ത്യന്‍ വംശജനായ എന്‍ എച്ച് എസ് ഡോക്ടര്‍ക്ക് ഇപ്പോള്‍ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യഹൂദ വിരുദ്ധ പോസ്റ്റുകള്‍ സാമൂഹ്യമാദ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടത്. ലണ്ടന്‍, നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റലിലെ സര്‍ജനും, ഇംപീരിയല്‍ കോളേജിലെ ലക്ചററുമായ ഡോക്ടര്‍ മനോജ് സെന്‍ ആണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ യഹൂദ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ജോലി നഷ്ടമായിരിക്കുന്നത്.


ഇസ്രയേലിലെ നിരപരാധികളായ സാധാരണക്കാരെ ഹമാസ് ഭീകരര്‍ അതിഭീകരമായി കൊല ചെയ്തതിന്റെ മൂന്നാം ദിവസം ''യഹൂദര്‍ നമ്മുടെ ദൗര്‍ഭാഗ്യം'' എന്ന് ജര്‍മ്മന്‍ ഭാഷയില്‍ ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അതിവേഗം വൈറലാവുകയായിരുന്നു. ഫേസ്ബുക്കില്‍ തന്നെ മറ്റൊരു കമന്റില്‍ ഒരു വ്യക്തിയെ ഡോക്ടര്‍ മനോജ് സെന്‍ വിശേഷിപ്പിച്ചത് 'യഹൂദ ചെക്കന്‍' എന്നായിരുന്നു. ഇതിന് വന്ന ഒരു കമന്റില്‍ ഒരു വ്യക്തി ചോദിക്കുന്നത് ഇയാളുടെ കൈയ്യില്‍ എങ്ങനെ യഹൂദ രോഗികള്‍ സുരക്ഷിതരായിരിക്കും എന്നാണ്.


മറ്റൊരു കമന്റില്‍ മനോജ് സെന്‍ യഹൂദരെ വിശേഷിപ്പിച്ചിരിക്കുന്നത് ചേലാകര്‍മ്മം നടത്തിയ ക്രിമികള്‍ എന്നായിരുന്നു. മറ്റൊന്നില്‍ ഇയാള്‍ ഇസ്രയേല്‍ പ്രതിരോധ സേനയെ നാസികളുമായി ഉപമിക്കുന്നുമുണ്ട്. ഈ രണ്ട് കമന്റുകളുടെയും സ്‌ക്രീന്‍ ഷോട്ടുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അവസാനം അത് അയാള്‍ക്ക് തന്നെ കുരിശാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. തന്റെ കമന്റുകള്‍ പ്രചരിക്കുന്നത് അറിഞ്ഞ അയാള്‍ തന്നെ മാപ്പ് അപേക്ഷിച്ചതിനു ശേഷം സ്വയം ജോലി രാജിവയ്ക്കുകയായിരുന്നു.


വിദ്വേഷവും വെറുപ്പും വെച്ചു പൊറുപ്പിക്കാനാവില്ല എന്ന് പറഞ്ഞ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് വക്താവ് അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും പറഞ്ഞു. മനോജ് സെന്‍ ഇപ്പോള്‍ തങ്ങളുടെ ആശുപത്രിയില്‍ ജോലി ചെയ്യുന്നില്ല എന്നും വക്താവ് വ്യക്തമാക്കി. രോഗികള്‍ക്ക് സാന്ത്വനമേകാന്‍ മുഴുവന്‍ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്നതാണ് തങ്ങളുടെ നയം എന്നും അതിന് വിഘാതമാകുന്ന എന്തിനെയും തങ്ങള്‍ കര്‍ശനമായി നേരിടുമെന്നും വക്താവ് അറിയിച്ചു.പിന്നീട് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഈ വിവാദത്തെ തുടര്‍ന്ന് താന്‍ ജോലി രാജിവയ്ക്കുകയാണെന്ന് സെന്‍ വെളിപ്പെടുത്തി. തന്റെ ക്ഷമിക്കാനാകാത്ത കമന്റുകള്‍ക്ക് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും അയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ഒരിക്കലും ഒരു യഹൂദ വിരുദ്ധനല്ല എന്ന് പറഞ്ഞ ഡോക്ടര്‍ തന്റെ യഹൂദ സുഹൃത്തുക്കള്‍ക്കും പരിചയക്കാരായ യഹൂദര്‍ക്കും അറിയാമെന്നും അയാള്‍ പറഞ്ഞു.


തന്റെ വിവാദമായ കമന്റ് പ്രത്യക്ഷപ്പെട്ട പോസ്റ്റ് എഴുതിയ വ്യക്തിയുടെ പിതാവിനെ താന്‍ ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും, ഒരു കാര്യവുമില്ലാതെ തന്റെ കഴിവുകളെ അപഹസിക്കുകയായിരുന്നു എന്നും ഡോക്ടര്‍ പറയുന്നു. ഇതായിരുന്നു തന്നെ പ്രകോപിതനാക്കിയത് എന്നും അയാള്‍ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ കൂടിയാണ് മനോജ് സെന്‍. ഇംപീരിയല്‍ കോളേജിന്റെ പ്രതികരണം ഇക്കാര്യത്തില്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.


Previous Post Next Post