നേപ്പാളിന് മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളുമായി വീണ്ടും ഇന്ത്യ; മൂന്നാം ഘട്ട സഹായം അയച്ചതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മൂന്നാംഘട്ട മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും നേപ്പാളിലേക്ക് അയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സൈനിക യാത്രാ വിമാനത്തിലാണ് പുതിയ ബാച്ച് സഹായം നേപ്പാളിലേക്ക് എത്തിച്ചത്. ഞായറാഴ്ചയാണ് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആദ്യ ചരക്ക് ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്.

"12 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ എയർഫോഴ്സ് വിമാനം നേപ്പാളിലെത്തി. ഇന്ത്യ എല്ലായ്പ്പോഴും നേപ്പാളിൻ്റെ വിശ്വസ്തരായ പങ്കാളിയായി തുടരും,” വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സാമൂഹ്യ മാദ്ധ്യമമായ എക്സിലൂടെ പറഞ്ഞു.

പടിഞ്ഞാറൻ നേപ്പാളിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 150-ലധികം പേർ മരിക്കുകയും 250-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. കൂടാതെ, ജാജർകോട്ട്, റുകും വെസ്റ്റ് ജില്ലകളിൽ ഉണ്ടായ ഭൂകമ്പത്തിൽ 8,000 ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
Previous Post Next Post