ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല താലൂക്കിൽ അവധി, സമ്പൂര്‍ണ മദ്യനിരോധനം



പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് തിരുവല്ല താലൂക്കിൽ 27 ന് പത്തനംതിട്ട ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥമാണ് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി ജില്ലാ കളക്ടര്‍ എ ഷിബു പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രാദേശിക അവധി ബാധകമാകുക. കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 26 ന് വൈകുന്നേരം അഞ്ചുമുതല്‍ 27 ന് വൈകിട്ട് ആറുവരെയാണ് അവധി ഉണ്ടാകുക. ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചും എല്ലാവിധ മദ്യത്തിന്‍റെയും വില്‍പ്പന നിരോധിച്ചും സമ്പൂര്‍ണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചിരുന്നു. പൊങ്കാല മഹോത്സവം പ്രമാണിച്ച് വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസ് കാര്യക്ഷമമായി ഏർപ്പെടുത്തും. തിരുവല്ല ഡിപ്പോയിൽനിന്ന് നവംബർ 26, 27 തീയതികളിൽ സ്‌പെഷ്യൽ ചെയിൻ സർവീസുകൾ നടത്തണം. എടത്വ ഡിപ്പോയിൽനിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാർ വഴി ചങ്ങനാശേരി, എടത്വ - നെടുമുടി എന്നീ സ്‌പെഷ്യൽ സർവീസുകൾ നടത്തണം. ആലപ്പുഴയിൽനിന്ന് കിടങ്ങറ - മുട്ടാർ വഴിയും ചമ്പക്കുളം വഴിയും പ്രത്യേകം ചക്കുളത്തുകാവിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തണം.നവംബർ 25 മുതൽ 27 വരെ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലും പൊങ്കാല അടുപ്പുകളുമായി ഇരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ട്രാഫിക്ക് നിയന്ത്രണവും ക്രമസമാധാനവും പോലീസ് ഉറപ്പാക്കണം. പൊങ്കാല നിരക്കുന്ന പ്രദേശങ്ങളിൽ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാന്‍ കെഎസ്ഇബി നടപടി എടുക്കണമെന്നും എല്ലാ വഴിവിളക്കും പ്രവർത്തനക്ഷമമാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.ക്ഷേത്രപരിസര പ്രദേശങ്ങളിലും തിരുവല്ലാ - എടത്വ ലൈനിലും നവംബർ 25 മുതൽ എല്ലാ സമയവും നല്ല ഫോഴ്‌സിൽ ശുദ്ധജലം ലഭ്യമാക്കണം. പൊതുതാത്പര്യം മുൻനിർത്തി പറ്റുന്നവിധം സൗജന്യമായി താത്ക്കാലിക ടാപ്പുകൾ സ്ഥാപിക്കണം. തിരുവല്ലയിൽനിന്ന് ടാങ്കുകളിൽ ശുദ്ധജലം നവംബർ 25 മുതൽ 27 വരെ തീയതികളിൽ നിറക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. നവംബർ 26 പകലും രാത്രിയിലും തിരുവല്ലയിൽനിന്ന് ടാങ്കർലോറികളിൽ വെള്ളം നിറച്ചു കൊടുക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി ജീവനക്കാരെ നിയോഗിക്കണം.


നവംബർ 25 മുതൽ 27 വരെ കറ്റോട്ടു നിന്നുള്ള പമ്പിങ് തടസം ഇല്ലാതെ തുടർച്ചയായി ഓപ്പറേറ്റ് ചെയ്യണം. വീയപുരത്തുനിന്നു കൂടി ശുദ്ധജലം ലഭ്യമാക്കണം. കഴിഞ്ഞ വർഷങ്ങളിലെ രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കണം. തലവടി, എടത്വ, മുട്ടാർ, തകഴി ഗ്രാമപഞ്ചായത്തുകൾ എല്ലാ വഴി വിളക്കുകളും പ്രവർത്തനക്ഷമമാക്കണം. ഫോഗിങ്ങിനുള്ള ക്രമീകരണം ചെയ്യണം. എക്‌സൈസ് വ്യാജമദ്യം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണം.നവംബർ 26, 27 തീയതികളിൽ ക്ഷേത്ര പരിസരത്ത് അത്യാവശ്യ മരുന്നുകൾ ഉൾപ്പടെ രണ്ട് ഡോക്ടർമാരുടെ ഫുൾടൈം സേവനം ലഭ്യമാകുന്ന താൽക്കാലിക ക്ലിനിക് പ്രവർത്തിപ്പിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണം. 26ന് രാവിലെ മുതൽ രണ്ട് ആംബുലൻസ് എല്ലാവിധ സജ്ജീകരണങ്ങളോടുകുടി ക്ഷേത്ര പരിസരത്ത് ക്യാംപ് ചെയ്യണം. കിടങ്ങറാ - മുട്ടാർ റോഡിലുള്ള കുഴികൾ അടിയന്തരമായി പാച്ച് വർക്ക് ചെയ്ത് നിരപ്പാക്കിതരാൻ പൊതുമരാത്തിന് നിർദേശം നൽകി.
Previous Post Next Post