സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്; സമസ്ത, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുക്കുംമലപ്പുറത്ത് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് നടക്കും. വൈകിട്ട് നാലരക്ക് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന റാലിയില്‍ കിഴക്കേത്തലയിലാണ് സമാപിക്കുക. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും.എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ക്ക് പുറമേ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, കേരളാ മുസ്ലീം ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മുസ്ലീം ലീഗ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം കണക്ക് കൂട്ടുന്നത്.നേരത്തെ സിപിഐഎം കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുത്തിരുന്നില്ല. യുഡിഎഫിന്റെ കക്ഷിയെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള നേതാക്കള്‍, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.

സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കളും നേതൃത്വത്തെ അറിയിച്ചിരുന്നു. പോകില്ലെന്ന് ഉറപ്പായതോടെ ലീഗിനെ തഴുകിയും സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. തലയ്ക്ക് ബോധമില്ലാത്തവരാണ് യുഡിഎഫിന്റെ ഭാഗമായ ലീഗിനെ ക്ഷണിച്ചതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Previous Post Next Post